Saturday 14 April 2018

PALLITHAMASAKAL

Fr. Augustine Isaac Kurisingal

ഫാ. ഐസക് കുരിശിങ്കല്‍ എഴുതിയ തമാശകളുടെ പുസ്തകമാണ്  പള്ളിത്തമാശകള്‍. പള്ളിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ 40 ലേറെ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള തമാശകളാണിതിലുള്ളത്. കൊച്ചിയിലെ പ്രണത ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ 438 പേജുകളാണുള്ളത്. ഈ ബുക്കില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും തമാശകളാണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.


പള്ളിത്തമാശകള്‍ പുസ്തകത്തിന്റെ മുന്‍പുറംചട്ട

കുമ്പിട്ടാരാധന
ഭക്തരായ കത്തോലിക്കര്‍, പ്രത്യേകിച്ച് വൈദികര്‍, പള്ളിയുടെ ഉള്ളില്‍ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേയ്ക്ക് പോകുമ്പോള്‍ നടുഭാഗത്ത് നില്ക്കും. സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന യേശുനാഥനെ നോക്കി കുമ്പിട്ട് ആരാധിക്കും. പലരുടേയും നല്ലൊരു ശീലമാണിത്. റോണി അച്ചന്‍ മഫ്റ്റിയില്‍ തിയേറ്ററില്‍ കയറി. പ്രവേശന ഭാഗത്ത് ഒരു കസേരയും ഒഴിവില്ല. അതിനാല്‍ നടപ്പാതയിലൂടെ മറുഭാഗത്തേയ്ക്ക് നടന്നു. തിയേറ്ററിന്റെ ഒത്തനടുവിലെത്തെത്തി. സ്‌ക്രീനിലേയ്ക്ക് നോക്കി കുമ്പിട്ടുവണങ്ങി. ഇതുകണ്ട ഏതാനും ചെറുപ്പക്കാര്‍ വിളിച്ചുകൂവി. അച്ചോാാ
ഫാ. ഐസക് കുരിശിങ്കല്‍
രഹസ്യം പരസ്യമായി  
ഞങ്ങളുടെ കൂട്ടത്തില്‍ ഒരു അച്ചനുണ്ട്, പേര് ആന്റണി. വളരെ നിഷ്‌ക്കളങ്കന്‍. അദ്ദേഹം സിനിമയ്ക്ക് പോകാറുണ്ട്. ളോഹ ധരിച്ചു കൊണ്ടു തന്നെ. ഒരുദിവസം നേരത്തെ അദ്ദേഹം തിയേറ്ററില്‍ കയറി. അത്രയും നേരം തണുപ്പ് ആസ്വദിച്ചു ഇരിക്കാമല്ലൊ. അപ്പോള്‍ അതാ രണ്ടു ചെറുപ്പക്കാരായ വൈദികര്‍ ളോഹയില്ലാതെ, പാന്റും ഷര്‍ട്ടും ധരിച്ച് തിയേറ്ററിനുള്ളിലേയ്ക്ക് വരുന്നു. അവര്‍ ആരൊക്കെ എന്ന് ആന്റണി അച്ചനു മനസ്സിലായി. അദ്ദേഹം ചാടി എഴുന്നേറ്റു. രണ്ടു പ്രാവശ്യം കൈകൊട്ടി. ഉറക്കെവിളിച്ചു പറഞ്ഞു ഫാദര്‍ ഷിബു, ഇവിടെ വന്നിരിക്കൂ, ഫാദര്‍ ജോബീ ഇവിടെ വന്നിരിക്കൂ.       
ടിക്കറ്റെടുക്കല്‍
ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പലരും എനിക്കുവേണ്ടി ടിക്കറ്റ് എടുക്കാറുണ്ട്. ഒരു ദിവസം ഞാനും ഒരു പരിചയക്കാരന്‍ തോമസും ഒരുമിച്ച് ബസ്സില്‍ക്കയറി. തോമസ്സ് ബസ്‌സിന്റെ നടുഭാഗത്തുതന്നെ നിന്നു. കണ്ടക്റ്റര്‍ തോമസിനെയാണ് ആദ്യം സമീപിച്ചത്. തോമസ് എന്റെ നേരെ നോക്കി പറഞ്ഞു. ടിക്കറ്റ് ഞാന്‍ എടുത്തുകൊള്ളാം. അപ്പോള്‍ ഞാന്‍ പറഞ്ഞു. വേണ്ട, ഞാന്‍ എടുത്തുകൊള്ളാം. ബസ്സില്‍ കൂടുതല്‍ ആളുകള്‍ കയറിയതുകൊണ്ട് പിന്നെ ഞങ്ങള്‍ക്ക് പരസ്പരം കാണാന്‍ പറ്റിയില്ല. ബസ്സ് എറണാകുളത്ത് എത്തി. എല്ലാവരും ഇറങ്ങി. തോമസിനോട് ഞാന്‍ പറഞ്ഞു. എനിക്കു വേണ്ടി ടിക്കറ്റ് എടുത്തതിന് വളരെ നന്ദി. അപ്പോള്‍ അയാള്‍, അച്ചോ അച്ചന്‍ എടുത്തില്ലേ? ഞാനും എടുത്തില്ല.
വെടിവെച്ച് സ്വീകരണം
ഒരു ഇടവകയുടെ വളരെ പഴയ ഒരു കണക്കുപുസ്തകത്തില്‍ എഴുതിയിരിക്കുകയാണ്, പുതിയ വികാരിയെ വെടിവച്ചു സ്വീകരിച്ചതിന് ചെലവ് 5 അണ. (വെടി : കതിന)
നീണ്ട പ്രസംഗം
ഞായറാഴ്ച പ്രസംഗം പറയുന്നതിനു മുന്‍പ് ഒരു വെളുത്ത ഗുളിക എടുത്ത് വായിലിടും. എന്നിട്ടാണ് വികാരിയച്ചന്‍ പ്രസംഗം തുടങ്ങുക. കൃത്യം പത്തുമിനിറ്റ് കഴിയുമ്പോള്‍ ഗുളിക അലിഞ്ഞു തീരും. അദ്ദേഹം പ്രസംഗം നിര്‍ത്തുകയും ചെയ്യും. പക്ഷേ, ആ ഞായറാഴ്ച അദ്ദേഹം ഇരുപതുമണിക്കൂറോളം പ്രസംഗിച്ചു. കാരണം, ഗുളികയാണെന്നു കരുതി അദ്ദേഹം വായിലിട്ട് ളോഹയുടെ ബട്ടണ്‍ ആയിരുന്നു.
അച്ചനും ഡ്രൈവറും
ഒരു ഇടവകവികാരി മരിച്ചു. അന്നുതന്നെ ആ ഇടവകയിലെ ഒരു ബസ്‌ ഡ്രൈവറും മരിച്ചു. രണ്ടുപേരും സ്വര്‍ഗ്ഗകവാടത്തിലെത്തി. പത്രോസ് ബസ്‌ ഡ്രൈവറെ അകത്തേയ്ക്ക് കയറ്റി വിട്ടു. അച്ചനെ തടഞ്ഞുനിര്‍ത്തി. അച്ചന്‍ കാരണം ചോദിച്ചു.
പത്രോസ് : ഡ്രൈവര്‍ വണ്ടി ഓടിക്കുമ്പോഴൊക്കെ യാത്രക്കാര്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ അച്ചന്‍ പ്രസംഗിച്ചപ്പോഴൊക്കെ പള്ളിയിലുണ്ടായിരുന്നവര്‍ ഉറങ്ങുകയായിരുന്നു.
വികാരിയച്ചന്‍ കഴുത
വൈദികമന്ദിരം ഇരുനിലക്കെട്ടിടമായിരുന്നു. മുകളില്‍ വികാരിയച്ചന്റെ സ്വകാര്യമുറിയും ഓഫീസും. താഴെ കൊച്ചച്ചന്‍ താമസിച്ചിരുന്നു. ഇരുവരും മാനസികമായി അത്ര അടുപ്പത്തിലായിരുന്നില്ല. ഒരു ദിവസം കൊച്ചച്ചന്‍ കോവണിപ്പടികള്‍ കയറി മുകളിലേയ്ക്ക് ചെല്ലുകയായിരുന്നു. വികാരിയച്ചന്‍ താഴേയ്ക്കും ഇറങ്ങിവരുന്നു. ഒരാള്‍ വഴിമാറിക്കൊടുത്തെങ്കിലേ മറ്റെയാള്‍ക്ക് കടന്നുപോകാനാവൂ. വികാരിയച്ചന്‍ പുച്ഛത്തോടെ പറഞ്ഞു: ഞാന്‍ കഴുതയ്ക്ക് വഴിമാറിക്കൊടുക്കാറില്ല. കൊച്ചച്ചന്‍ ശാന്തമായി പറഞ്ഞു: ഞാന്‍ കൊടുക്കാറുണ്ട്.
എനിക്കു പട്ടിയില്ല
വെളുപ്പിന് 3 മണി. ഫാദര്‍ റോയ് നല്ല ഉറക്കത്തിലായിരുന്നു. ഫോണ്‍ തുടരെത്തുടരെ മുഴങ്ങി. അദ്ദേഹം ഫോണ്‍ എടുത്തു ചെവിയോടടു ചേര്‍ത്തു. അപ്പുറത്തു നിന്ന്: അച്ചാ, ഞാന്‍ അയല്‍വാസി ചന്ദ്രനാണ്. അച്ചന്റെ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നു. അതിന് ഭക്ഷണം കൊടുക്കച്ചാ; എനിയ്ക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. പിറ്റെദിവസം അര്‍ദ്ധരാത്രി കഴിഞ്ഞ് രണ്ടുമണിക്ക് ചന്ദ്രന്റെ ഫോണ്‍ വീണ്ടും വീണ്ടും മുഴങ്ങി. ചന്ദ്രന്‍ ഫോണ്‍ എടുത്തു. മറുവശത്തു നിന്ന്, ഞാന്‍ റോയ് അച്ചനാണ്. എനിക്കു പട്ടിയില്ല.
അച്ചന്റെ സ്വാധീനം
ഒരു അച്ചന് സ്ഥലം മാറ്റം കിട്ടി. അദ്ദേഹം തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളുമൊക്കെ ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി വണ്ടിയില്‍ കയറ്റിക്കൊണ്ടിരിക്കുകയാണ്. ഇതുകണ്ട ഒരു സ്ത്രീ അച്ചനോട് പറഞ്ഞു: അച്ചന് ഒന്നുമാത്രം ഇവിടെ നിന്നു കൊണ്ടുപോകാനാവില്ല. അച്ചന്റെ സ്വാധീനം.
ഒത്ത് തീര്‍പ്പ്
പോളച്ചന്റെ അടുത്ത് ഒരു ഭാര്യയും ഭര്‍ത്താവും കൂടി വന്നു. കൂട്ടത്തില്‍ അവരുടെ മൂന്നു മക്കളും ഉണ്ട്.
ഭര്‍ത്താവ് പറഞ്ഞു: അച്ചാ, ഇവള്‍ ഒരു പിശാചാണ്. ഇവളോടുക്കൂടി ഇനി എനിക്ക് ജീവിക്കാനാകില്ല. ഞങ്ങളെ വേര്‍പിരിക്കണം.
ഭാര്യ: ഇവന്‍ ഒരു ചെകുത്താനാണ്. ഇവനെ ക്കൂടി ജീവിക്കുക അസാധ്യം. വിവാഹമോചനം നടത്താന്‍ ഞാന്‍ സന്നദ്ധയാണ്. സ്വത്ത് തുല്യമായി വിഭജിക്കാന്‍ സമ്മതിച്ചു കഴിഞ്ഞു. പക്ഷേ, പ്രശ്‌നം ഈ മൂന്നു കുട്ടികളാണ്. അവന്‍ ഒരു കുട്ടിയെ എടുത്തു കൊള്ളട്ടെ. എനിക്ക് രണ്ടു കുട്ടികളെ വേണം.
ഭര്‍ത്താവ് : പറ്റില്ല. എനിക്ക് രണ്ടു കുട്ടികളെ വേണം.പോളച്ചന് നേരത്തേ ഇവരെ അറിയാം. കീരിയും പാമ്പും പോലെയാണവര്‍. അല്പനേരം ആലോചിച്ചതിനുശേഷം അച്ചന്‍ പറഞ്ഞു: നിങ്ങള്‍ വീട്ടിലേയ്ക്ക് പോകുക. ഒരു കൊല്ലം കൂടി ഒരുമിച്ച് ജീവിക്കുക. അപ്പോള്‍ ഒരു കുട്ടി ജനിക്കും. അപ്പോള്‍ നാലു കുട്ടികളായി. രണ്ടു കുട്ടികളെ വീതം നിങ്ങള്‍ക്ക് എടുക്കാമല്ലൊ. തുല്യ വിഭജനം.
ഭര്‍ത്താവ് : അതു നല്ല ഐഡിയാ. വാടീ, നമുക്ക് വീട്ടില്‍ പോകാം.
ഭാര്യ : (ചിരിച്ചുകൊണ്ട്.) വികാരിയച്ചന് നല്ല ബുദ്ധിയുണ്ട്. നാലു കുട്ടികളുമായി ഞങ്ങള്‍ ഒരു വര്‍ഷത്തിനകം വരാം. വാടോ; നമുക്ക് വീട്ടില്‍ പോകാം.
ഒരു പല്ല് പറിക്കാന്‍ 500 രൂപ
ദന്ത ഡോക്ടറുടെ മുറിയുടെ വാതില്‍ക്കല്‍ ഒരു പല്ല് പറിക്കുന്നതിന് 250 രൂപ എന്ന് എഴുതിവച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അല്‍ഫോന്‍സച്ചന്‍ തന്റെ കേടായ പല്ലു കാണിച്ചുകൊണ്ട് അത് പറിച്ചു കളയണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. പല്ലു പറിച്ചു കഴിഞ്ഞപ്പോള്‍ അഞ്ഞൂറ് രൂപയുടെ ബില്ലാണ് ഡോക്ടര്‍ കൊടുത്തത്.
 അച്ചന്‍ : “250 രൂപ എന്നാണല്ലൊ വാതില്‍ക്കല്‍ എഴുതിവച്ചിരിക്കുന്നത്. ഇതെന്താ അഞ്ഞൂറ് രൂപ ചോദിക്കുന്നത്.
ഡോക്ടര്‍ : ഞാന്‍ പല്ല് പറിച്ചു കൊണ്ടിരുന്നപ്പോള്‍ അച്ചന്‍ എത്ര ഉറക്കെയാണ് അലറിക്കരഞ്ഞുക്കൊണ്ടിരുന്നത്. അച്ചന്റെ അലര്‍ച്ചകേട്ട് എന്റെ രണ്ടു മൂന്നു പേഷ്യന്റ്‌സ് ഭയപ്പെട്ട് ഓടിക്കളഞ്ഞു. അതാ അഞ്ഞൂറ് രൂപയുടെ ബില്ല് തന്നത്.  
വരവ് കുറവ്, ചെലവ് കൂടുതല്‍
വികാരിയച്ചന്റെ പ്രസംഗത്തെക്കുറിച്ച് ഇടവകയുടെ കണക്കെഴുത്തുകാരന്‍ അഭിപ്രായപ്പെട്ടതിങ്ങനെ: ആശയങ്ങളുടെ വരവ് കുറവ്. വാക്കുകളുടെ ചെലവ് കൂടുതല്‍.
വികാരിയച്ചന്റെ കണക്കുപുസ്തകം
ഇടവകതിരുന്നാള്‍ കഴിഞ്ഞു. കൈക്കാരന്മാര്‍ നേര്‍ച്ചപ്പെട്ടി കൊണ്ടുവന്നു വികാരിയച്ചന്റെ മുറിയില്‍ വച്ചു.  അന്നു രാത്രി കള്ളന്മാര്‍ കയറി. വികാരിയച്ചനെ പിടിച്ചു കയറുകൊണ്ടു കെട്ടി ഒരു കസേരയില്‍ ഇരുത്തി. ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ പഴന്തുണി തിരുമിക്കയറ്റി. അവര്‍ പോകാന്‍ നേരത്ത് വികാരിയച്ചന്‍ കിടന്നു പിടച്ചു. ഒരാള്‍ അച്ചന്റെ വായിലെ പഴന്തുണി മാറ്റി. അച്ചന്‍ അവരോട് കെഞ്ചി. എന്റെ കണക്കുപുസ്തകം കൂടി കൊണ്ടു പോകൂ. ഇരുപതിനായിരം രൂപയുടെ കുറവുണ്ട്.
ഭാര്യയോടും മക്കളോടും കൂടി വരുക
നായരമ്പലം എന്ന സ്ഥലത്ത് ഒരു നായര്‍ തറവാട്. വീട്ടമ്മ വളരെ കുലീനമായ ഒരു സ്ത്രീ. പേര് ശാരദ. വീട്ടില്‍ വരുന്നത് സ്ത്രീയാണെങ്കില്‍, അവര്‍ പോകാന്‍ നേരത്ത് ശാരദ പറയും. അടുത്ത പ്രാവശ്യം വരുമ്പോള്‍ ഭര്‍ത്താവിനോടും മക്കളോടും കൂടി വരണേ. വീട്ടില്‍ വരുന്നത് പുരുഷനാണെങ്കില്‍ അദ്ദേഹം പോകാന്‍ നേരത്ത് ശാരദ പറയും, അടുത്ത പ്രാവശ്യം വരുമ്പോള്‍ ഭാര്യയോടും മക്കളോടും കൂടി വരണേ.
ഒരു ദിവസം ഇടവക വികാരി ചാക്കോ അച്ചന്‍ ശാരദയുടെ വീട്ടില്‍ കയറി. ശാരദ നന്നായി സല്ക്കരിച്ചു. അദ്ദേഹം ഇറങ്ങാന്‍ നേരത്ത് ശാരദ : അടുത്ത പ്രാവശ്യം വരുമ്പോള്‍ ഭാര്യയേയും മക്കളേയും കൊണ്ടുവരണേ.
അല്പം ധൃതിയുണ്ട്
ക്ലമന്റ് അച്ചന്‍ തന്റെ പഴഞ്ചന്‍ കാറുമായി പള്ളിയില്‍ നിന്നു പുറപ്പെട്ടു. പോകുന്നവഴിക്ക് ചെമ്മദോര്‍ പൗലോസിനെ കണ്ടു.
അച്ചന്‍ വണ്ടി നിര്‍ത്തിയിട്ട് ചോദിച്ചു. ചെമ്മദോറേ, എവിടേയ്ക്കാ?”
ചെമ്മദോര്‍ : കവലവരെ.
അച്ചന്‍ : കാറിന്റെ ഡോര്‍ തുറന്നിട്ട്. കയറിക്കോളൂ; ഞാന്‍ ആ വഴിക്കാണ്.”
ചെമ്മദോര്‍ : വേണ്ടച്ചോ ; എനിക്ക് അല്പം ധൃതിയുണ്ട്.
ബസ്സ് ഇടിച്ചു
ആലുവ - എറണാകുളം റൂട്ടില്‍ സെന്റ് ജോസഫ് എന്നു പേരുള്ള ബസ്സ് ഉണ്ട് ; സെന്റ് മേരി എന്നു പേരുള്ള ബസ്സും ഉണ്ട്. പത്രത്തില്‍ അച്ചടിച്ചു വന്നതിങ്ങനെ : സെന്‍റ് മേരി സെന്റ് ജോസഫിനെ ഇടിച്ചു.
വാ അടക്കുന്നില്ല
ചാര്‍ളിയും ചാക്കോയും പള്ളിയില്‍ വന്ന് കുര്‍ബാനയില്‍ പങ്കെടുക്കുമെങ്കിലും വാ തുറന്ന് പ്രാര്‍ത്ഥിക്കില്ല. ചുമ്മാ മിണ്ടാതെ നില്ക്കും .
കൊച്ചച്ചന്‍ അവരെ മുരിങ്ങൂര്‍ ധ്യാനത്തിനു കൊണ്ടു പോയി. തിരിച്ചു വന്നു. ഇപ്പോള്‍ ' വാ ' അടക്കാനാണു പ്രയാസം.
ഇരട്ടപ്പേര്
വികാരിയച്ചന്റെ ഇരട്ടപ്പേര് ' പരിശുദ്ധാത്മാവിന്റെ ആലയം ' എന്നാണ്. കാരണം , അദ്ദേഹത്തിന് അത്ര മാത്രം തടിയുണ്ട്.
കുട്ടയിലെ കോഴികള്‍
കപ്യാര്‍ ജൂഡും ചെമ്മദോര്‍ റോയ്‌സനും വലിയ കൂട്ടുകാരാണ്. നാട്ടിലെ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ തങ്ങളാണെന്ന് അവര്‍ അഭിമാനത്തോടെ പറയുമായിരുന്നു . ഒരു ദിവസം കപ്യാര്‍ ജൂഡ് ചന്തയില്‍ നിന്ന് കോഴികളെ വാങ്ങി ഒരു കുട്ടയിലാക്കി വീട്ടിലേയ്ക്ക് വരുകയായിരുന്നു.
റോയ്‌സണ്‍ പറഞ്ഞു : നിന്റെ കുട്ടയില്‍ എത്ര കോഴികളുണ്ടെന്ന് പറഞ്ഞാല്‍ എനിക്ക് ഒരെണ്ണം തരുമോ?”
ജൂഡ് : ശരിയുത്തരം പറഞ്ഞാല്‍ കുട്ടയിലെ രണ്ടു കോഴികളെയും ഞാന്‍ നിനക്കു തരാം. റോയ്‌സണ്‍ : തല ചൊറിഞ്ഞു കൊണ്ട് : അഞ്ചു കോഴികള്‍.
എഴുത്തുകാരന്‍
ഫാ. കനീഷ്യസ്: നിങ്ങളുടെ കടയില്‍ എന്റെ പുസ്തകം മാത്രമേ ഉള്ളു എന്നു കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
ഉടമ: എന്തു ചെയ്യാം അച്ചാ, ബാക്കിയുള്ളവരുടെ വിറ്റുപോയി. അച്ചന്റെ പുസ്തകം മാത്രം ആരും വാങ്ങുന്നില്ല.
ബ്യൂട്ടീഷ്യന്റെ മിടുക്ക്
ശാന്തി എന്ന നാല്പതുവയസ്സുകാരിക്ക് ഹൃദ്രോഗം. ചികിത്സയില്‍  കഴിയവേ ദൈവത്തോട് അവള്‍ ചോദിച്ചു: ഞാന്‍ ഉടനെ മരിക്കുമോ?”
ദൈവം : ഇല്ല. നീ ഇനി നാല്പതു വര്‍ഷം കൂടി ജീവിക്കും.
അവള്‍ ഉടനെ മുടി കറപ്പിച്ചു. ചുണ്ട് ചുവപ്പിച്ചു. പല്ല് വെളുപ്പിച്ചു. നഖം പോളീഷ് ചെയ്തു. മുഖത്ത് പൗഡര്‍ തേച്ചു. പൊട്ടുതൊട്ടു. പുതുവസ്ത്രങ്ങള്‍ ധരിച്ചു. ആഭരണങ്ങളണിഞ്ഞു. റോഡിലേയ്ക്കിറങ്ങി പെട്ടെന്ന് ഒരു കാര്‍ വന്നിടിച്ചു. അവള്‍ മരിച്ചു.
സ്വര്‍ഗ്ഗകവാടത്തിലെത്തിയപ്പോള്‍ ദൈവത്തോടു ചോദിച്ചു: എനിക്ക് നാല് പതുവര്‍ഷം കൂടി ഉണ്ടെന്നല്ലേ അങ്ങ് പറഞ്ഞത്?”  
ദൈവം : ശരിയാണ്. പക്ഷേ, ഞാന്‍ നിന്നെ തിരിച്ചറിഞ്ഞില്ല!
 
പള്ളിത്തമാശകള്‍ പുസ്തകത്തിന്റെ പിന്‍പുറംചട്ട
 

എഴുത്തുകാരനെക്കുറിച്ച്

ഫാ. അഗസ്റ്റിന്‍ ഐസക് കുരിശിങ്കല്‍, വടുതല സ്വദേശി. ഇപ്പോള്‍ വരാപ്പുഴ അതിരൂപതയിലെ ഏലൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍  വികാരിയായി സേവനമനുഷ്ടിക്കുന്നു.

പ്രസാധനം 

പ്രണത ബുക്‌സ്, കൊച്ചി